ഓർമ്മകളുടെ വസന്തത്തെകുറിച്ച് നാമെത്ര വായിച്ചു, കണ്ടു, കേട്ടു... വായിച്ചും കണ്ടും കേട്ടുമറിഞ്ഞതിന്നുമപ്പുറം അതിന്നൊരു വല്ലാത്ത അനുഭൂതിയുണ്ടെന്ന് ഇന്നലെയുടെ രാവെന്നോട് പറഞ്ഞു. സഹമുറിയന്മാരുണരാതിരിക്കാൻ അടക്കിപ്പിടിച്ച ചിരിയിൽ ഒഴുകിപ്പോയത് 2 പതിറ്റാണ്ട് മാത്രമല്ല, ജീവിത വഴിയിൽ ഇതിലും നല്ലൊരു കാലമില്ലെന്ന് പണ്ട് അദ്ധ്യാപകർ ചൊല്ലിത്തരുമ്പോൾ "ഓ... എന്തോന്ന്" എന്ന പുച്ഛ ഭാവം കൂടിയായിരുന്നു എന്ന് അത്ഭുതത്തോടെ ഞാനോർക്കുന്നു. കവികൾ മുമ്പെത്രയോ പാടിയ പോലെ... ലോകം പലപ്പോഴും വിളിച്ച് പറഞ്ഞപോലെ... ഒരിക്കൽ കൂടി ഒരു അവസരം കിട്ടിയിരുന്നെങ്കിൽ ആ കലാലയമുറ്റത്തേക്ക് ഒന്നുവരാൻ.
പ്രണയിക്കാത്തവർക്ക് നഷ്ടം, പ്രണയിക്കപ്പെടാത്തവർക്കും നഷ്ടം. കാരണം പ്രണയിച്ചവരുടെ, പ്രണയിക്കപ്പെട്ടവരുടെ ഓർമ്മത്താളുകൾക്ക് ഏഴഴകത്രെ! അത് നഷ്ടപ്രണയമെങ്കിലും...
പ്രണയ വിരോധികളുടെ ഓർമ്മത്താളുകൾക്ക് നരച്ച നിറമെത്രെ! തന്നേയുമല്ല, അതിന്ന് ഫിസിക്സിന്റേയും, കെമിസ്ട്രിയുടേയും, ബയോളജിയുടേയുമൊക്കെ മടുപ്പിക്കുന്ന ഗന്ധമെന്ന് മൊഴിഞ്ഞതെന്റെ കണ്ണനാണു.