സ്വാഗതം...

എന്‍റെ സ്വന്തം അഭിപ്രായങ്ങളും,ആവിഷ്കാരങ്ങളും ആണിവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.നിങ്ങള്‍ക്കതില്‍ അഭിപ്രായ പറയാനുള്ള അവകാശവും വകവെച്ചു തന്നിട്ടുണ്ട്.

2018 ഫെബ്രുവരി 19

അടയാളം

നരകളെന്നെ നോക്കി ചിരിക്കുന്നു 
വാർദ്ധക്യം അടുത്ത്‌ വരുന്ന കാലൊച്ച കേൾക്കുന്നൂ യൗവ്വനത്തുടിപ്പുകൾ
വേഗപ്പൂട്ടില്ലാത്തവനെന്തിന്നമാന്തിക്കണം
വേഷ ഭൂഷാതികളഴിച്ച്‌ വെക്കവന്നായ്‌ നാം
പ്രവാസിക്കാനില്ലെന്നുറച്ചതാ പണ്ട്‌
പ്രയാസമകറ്റാനെളുപ്പ വഴി വേറെ കണ്ടുമില്ല
ഇച്ഛകൾ നയിച്ച ജീവിത വഴികൾ
പച്ചയായ യാഥാർത്ഥ്യങ്ങളോടേറ്റുമുട്ടി
തോറ്റുപോകാതിരിക്കാനാശിച്ച നേരം
അച്ഛന്റെ വഴിതന്നഭയം _ അങ്ങനെ
തലമുറകളിന്നും പ്രവാസിയായ്‌
അടയാളപ്പെടുത്തലുകളില്ലാതെ 
നടന്നുതീർത്ത കാൽപാടുകൾ 
തിരിച്ച്‌ നടന്നിട്ടെന്തുണ്ട്‌ കാര്യം
വഴിതെറ്റിയലച്ചിലല്ലോ മിച്ചം
ജീവിച്ചിരുന്നിവിടെ ഞാനെന്നറിയേണം
വരും തലമുറക്കായ്‌ വേണമൊരടയാളം
കൊളുത്തണം പോകും വഴിയെല്ലാമൊരു 
തിരിനാളം _ ഒടുങ്ങുമ്പോഴുമണയാതെ 
ചൊരിയേണം വെളിച്ചമിരുളാണ്ട ഭൂവിതിൽ

2018 ഫെബ്രുവരി 15

പാഴ്‌ കിനാവ്‌

കിനാവിൻ വാതിൽ പഴുതിലൂടെ ഞാൻ
നോക്കുന്ന നേരത്ത്‌ കണ്ടൂ
കനവുകളൊളിപ്പിച്ച നിൻ മിഴികൾക്കുള്ളിൽ
നറുനിലാവിന്റെ വെട്ടം കണ്ടൂ.. ഞാൻ
പൂനിലാ വെട്ടം കണ്ടൂ..
മേഘക്കീറുകൾക്കിടയിലൂടെ ഒളി
കണ്ണിടും വെയിൽ പോലെ
മൃദുമന്ദഹാസം കണ്ടൂ.. നിൻ
അധരങ്ങളിൽ ഒളിവെട്ടുന്നൊരാ..
മധുമന്ദഹാസം ഞാൻ കണ്ടൂ..
മെല്ലെപെയ്തിറങ്ങും നൂൽമഴയിലൂടെ മന്ദ
മാരുതൻ പോയെന്ന പോലേ..
അഴിച്ചിട്ട കാർകൂന്തലിഴകളാകാറ്റത്ത്‌
ഇളകിയാടുന്നതും കണ്ടൂ.. നിൻ

കവിളിലവ മയങ്ങുന്നതും കണ്ടൂ..

നഷ്ട ബാല്യം

ആടിയുലയും കാറ്റത്തോടിച്ചെന്നൊരാ
മാഞ്ചുവടിന്നവിടെയില്ലാ..
കുട്ടിയും കോലും കള്ളനും പോലീസും
കളിക്കാനിന്നെന്റെ കൂട്ടുമില്ലാ..
കുസൃതികൾ നിറഞ്ഞൊരാ 
മുറ്റത്തെ കളികൾക്കുമേലിവർ
കട്ടകളാൽ ശവ കല്ലറയൊരുക്കീ..
ആയിരം കനവുകൾ കിനാവിൽ വന്നാലും
ഒളിഞ്ഞുനോക്കാൻ കഴിയാത്തയകലത്തിൽ
അകന്നുപോയീ.. നീയെൻ ബാല്ല്യമേ..
കണ്ട കിനാവും പകരം തന്നൊരീ
മധുര കൗമാര യൗവ്വനവും
നിനക്കേകാം ഞാൻ തിരിച്ചു വരൂ

പുണ്ണ്യമാമെൻ ബാല്ല്യമേ...

2018 ഫെബ്രുവരി 12

പ്രാണനാം പ്രണയമേ..

വേർപ്പാടിൻ വേദന
ഏറ്റീടുന്നെന്നിൽ
നിന്നോടുള്ള പ്രണയം സഖീ..

നിർവ്വചനങ്ങൾക്ക്‌ നിർവ്വചിക്കാൻ കഴിയാത്ത, വിശേഷണങ്ങൾക്കതീതമായ, പ്രപഞ്ച സൃഷ്ടിപ്പിന്റെ സത്യങ്ങളിലൊന്നായ അനുഭൂതിയാണു സ്നേഹം. പ്രണയ കാലം ജീവിതത്തിലെ വസന്തകാലമാണു.. പ്രായാധിക്യമോ, ഋതുഭേദങ്ങളോ മങ്ങലേൽപ്പിക്കാത്ത വസന്തകാലം
ഒരിക്കലെങ്കിലും ജീവിതത്തിൽ പ്രണയിക്കാത്തവർ ചുരുക്കം. പ്രണയിക്കാനും, പ്രണയിക്കപ്പെടാനും കൊതിക്കാത്ത കൗമാരമുണ്ടോ? പ്രണയ വസന്തത്തിന്റെ മധുരവും കൈപ്പുമനുഭവിച്ചറിഞ്ഞ, ഒരിക്കലും മരിക്കാത്ത ഓർമ്മകളെ താലോലിക്കാത്ത യൗവ്വനമുണ്ടോ?
സ്നേഹമാണതിന്റേയും കാതൽ.. 

"അത്ഭുത സിദ്ധിയുള്ള മരുന്നാണു സ്നേഹം"

ചാരെ

ഗൃഹാതുരമാം ഓർമ്മകളും പേറി
പ്രിയരാം കൂട്ടുകാരവിടെയെത്തീ
അമ്മിഞ്ഞപ്പാലിൻ മണം തേടി വീണ്ടും
അമ്മതൻ മടിത്തട്ടിലണഞ്ഞെന്ന പോലെ
അറിവിൻ മധുനുകർന്നൊരാ വിദ്യാലയ
മുറ്റത്തെല്ലാം മറന്നവർ ഒത്ത്‌ കൂടീ..
തുളുമ്പും മാതൃ ഹൃദയവുമായത്‌ കണ്ട്‌
ഗുരു ഗണങ്ങളും ചാരെയെത്തീ..
ആനന്ദാശ്രു കണങ്ങളാലവരുടെ
കണ്ണുകൾ ഈറനണിഞ്ഞു നിന്നൂ..
ഓർമ്മകൾ രണ്ടു പതിറ്റാണ്ടു പിന്നിലേ-
ക്കറിയാതെയൊന്ന് പാളിനോക്കീ..
പറയണമെന്തെന്നറിയാതെ ഏവരും നിറ
മിഴികളാൽ മൗനത്തിൻ കഥ പറഞ്ഞൂ..
പ്രായത്തിലൊളിപ്പിച്ച പഴയ കുസൃതികൾ മെല്ലെ 
പുഞ്ചിരി തൂകിയടുത്ത്‌ വന്നൂ..

2018 ഫെബ്രുവരി 8

ഗുരു വന്ദനം

വന്ദനം.. ഗുരു വന്ദനം.. നൽ
വചസ്സുകൾക്കഭിനന്ദനം.. നേരുന്നു
ശിഷ്യഗണങ്ങൾ ഞങ്ങൾ.. നേരുന്നു
ശിഷ്യഗണങ്ങൾ ഞങ്ങൾ
ഏകലവ്യരുമില്ലിവിടെ
ഗുരു ദക്ഷിണ‌ വിരലേകുവാൻ
സ്വീകരിക്കയീയുദ്യമം.. പ്രിയ
മക്കൾ തന്നുപഹാരമായ്‌..
ബാല്ല്യകൗമാര ചാപല്ല്യങ്ങൾ..
അറിയാതെ പോയൊരു സത്യമേ
പ്രപഞ്ച സത്യമതെന്നുമേ..
ഗുരു നന്മയേകും നിത്യമേ..
ഗുരു നന്മയേകും നിത്യമേ..
വന്ദനം.. ഗുരു വന്ദനം.. നൽ
വചസ്സുകൾക്കഭിനന്ദനം.. നേരുന്നു
ശിഷ്യഗണങ്ങൾ ഞങ്ങൾ.. നേരുന്നു
ശിഷ്യഗണങ്ങൾ ഞങ്ങൾ
കളിവാക്ക്‌ ചൊല്ലി വിളിച്ചതും
മറുവാക്കിനാൽ മുറിവേറ്റതും
അപരാധമെല്ലാമേറ്റിതാ..
മാപ്പിന്നായീ ഗുരു സന്നിധീ..
കർമ്മ മണ്ഡലം വിട്ടിവിടം
വിട ചൊല്ലിടും ഗുരുവര്യരിൽ
നേരുന്നു സൗഖ്യങ്ങൾ ആയുസ്സുമേ..
തേടുന്നു ദൈവ കൃപാ കടാക്ഷമേ..
തേടുന്നു ദൈവ കൃപാ കടാക്ഷമേ..
വന്ദനം.. ഗുരു വന്ദനം.. നൽ
വചസ്സുകൾക്കഭിനന്ദനം.. നേരുന്നു
ശിഷ്യഗണങ്ങൾ ഞങ്ങൾ.. നേരുന്നു

ശിഷ്യഗണങ്ങൾ ഞങ്ങൾ

2018 ഫെബ്രുവരി 5

എട്ടാം തരത്തിലേക്കാണു ഞാൻ പരിയാപുരം സ്കൂളിലേക്ക്‌ വന്നത്‌. ആറും, ഏഴും കടുങ്ങപുരം ആയിരുന്നു. മലപ്പുറം പെരിന്തൽമണ്ണ  റൂട്ടിൽ പനങ്ങാങ്ങര എന്ന അത്യാവശ്യം കുഴപ്പമില്ലാത്ത ഗ്രാമമാണെന്റെ നാട്‌. പത്താം വയസ്സിൽ സംഭവിച്ച ഉപ്പയുടെ മരണം  കാരണം ആദ്യം കടുങ്ങപുരത്തേക്കും, പിന്നെ പുത്തനങ്ങാടി യിലേക്കും പറിച്ച്‌ നടപ്പെട്ട ബാല്യകാലം. നാലുപെണ്ണും, മൂന്ന് ആണുമടങ്ങുന്ന കുടുംബത്തിലെ അഞ്ചാമനായി ജനിച്ചു. അഞ്ചിലെത്തിയിട്ടും ബി സി ഡി പോലുമറിയാത്ത, കണക്കറിയാത്ത ഒരുത്തനായാണു ഉപ്പയുടെ മരണ ശേഷം ഉമ്മയുടെ സഹോദരിയുടെ വീട്ടിലേക്ക്‌ ഞാൻ ചെല്ലുന്നത്‌. വല്ലപ്പോഴും വിരുന്ന് ചെല്ലുന്ന പോലെയല്ല അവിടെ വളർത്ത്‌ പുത്രനായി വളരുമ്പോളെന്ന് പട്ടാളക്കാരനായ എളാപ്പയുടെ പട്ടാളച്ചിട്ട താമസിയാതെ മനസ്സിലാക്കിതന്നു. കണക്കും ഇംഗ്ലീഷും പഠിച്ച്‌ പഠിച്ച്‌ ചെവികൾ പലപ്പോഴും വൃണങ്ങളാൽ നിറഞ്ഞു. കടുങ്ങപുരം സ്കൂളിൽ പൂജ്യങ്ങൾ വാങ്ങി ആരംഭിച്ച ജീവിതം രണ്ട്‌ വർഷം പൂർത്തിയാക്കി പുത്തനങ്ങാടി യിലേക്ക്‌ പറിച്ച്‌ നടപ്പെടുമ്പോൾ വർഷം ഏഴാം തരത്തിൽ ഏറ്റവും കൂടുതൽ മാർക്ക്‌ വാങ്ങിയ വിദ്യാർത്ഥിക്കുള്ള പുരസ്കാരവുമായാണു പടിയിറങ്ങിയതെന്ന് പറയുമ്പോൾ മനസ്സിലാകും പട്ടാള ചിട്ട. എന്റെ കരച്ചിൽ കേൾക്കാതെ ഒരു രാത്രിയും, പകലും ഞങ്ങൾ ഉറങ്ങുകയും ഉണരുകയും ചെയ്തിട്ടില്ലെന്ന് പിന്നീടവിടെ പോകുമ്പോൾ അയൽവാസികൾ തമാശ പറഞ്ഞിരുന്നു. പട്ടാളച്ചിട്ടയിൽ നിന്ന് പെട്ടെന്ന് സ്വന്തം സഹോദരീ ഗൃത്തിലേക്ക്‌ വന്നപ്പോൾ കിട്ടിയ സ്വാതന്ത്ര്യമെന്നെ വീണ്ടും മടിയനാക്കിത്തുടങ്ങി. എട്ടിൽ ലീഡറായി തുടങ്ങിയ ഞാൻ ഒമ്പതിൽ എത്തിയപ്പോഴേക്കും അദ്ധ്യാപകരുടെ കണ്ണിലെ കരടായി മാറിത്തുടങ്ങിയിരുന്നു. ഗൾഫുകാരനായ ബാപ്പയുടെ പണത്തിന്റെ തിളപ്പിൽ കൗമാരം അടിച്ച്പൊളിക്കാൻ സ്കൂളിൽ വരുന്നവനെന്ന് അവർക്കിടയിൽ മുദ്രവെക്കപ്പെട്ടു. കൂട്ടുകൂടാൻ പറ്റാത്തവനെന്ന് മറ്റുള്ളകുട്ടികളെ അവർ ഉപദേശിക്കുമ്പോളും എന്താണെന്റെ അയോഗ്യതയെന്ന് അറിയാതെ ഉള്ളം നീറി. എങ്കിലും ജീവിത വഴിത്തിരിവെന്ന ഉമ്മറപ്പടിയിൽ കാൽത്തട്ടി വീഴാതെ ജീവിതം പിന്നേയുമൊഴുകി. ഇന്ന് ഒരു പ്രവാസീ ഭർത്താവാണു, മൂന്ന് പെണ്മക്കളുടെ ബാപ്പയാണു. ജീവിതം അതിന്റെ ഉച്ചസ്ത്ഥായിയിൽ നിന്ന് സായം സന്ദ്യയിലേക്കുള്ള പ്രയാണം തുടങ്ങിക്കഴിഞ്ഞു. ഇന്ന് ഞാനറിയുന്നു... ഉമ്മയും സഹോദരങ്ങളുമൊക്കെ ഉണ്ടായിട്ട്‌ അവർക്കിടയിലെ വിരുന്നുകാരനാകാൻ വിധിക്കപ്പെട്ടവന്ന് സ്നേഹമെന്നാൽ അതിജീവനത്തിനുള്ള ഉപാദിയായിരുന്നു... എല്ലാവരേയും സ്നേഹിക്കുന്ന, എല്ലാവരും സ്നേഹിക്കുന്നവനാക്കണേയെന്ന് പ്രാർത്ഥിക്കാതെ അന്നെന്റെയൊരു പ്രാർത്ഥനയും അവസാനിച്ചിട്ടില്ല. സ്നേഹം അമൂല്ല്യമാണു, സ്നേഹിക്കുക എന്നത്‌ മൂല്ല്യവും! വർത്തമാനകാലത്ത്‌ മൂല്ല്യങ്ങൾക്ക്‌ ശോഷണം സംഭവിച്ചിരിക്കുന്നു. എനിക്കെന്റെ പ്രിയ അദ്ധ്യാപകരോടായി പറയാനുള്ളത്‌ നിങ്ങൾ നിങ്ങളുടെ മുന്നിലിരിക്കുന്ന കുട്ടികളെ മനസ്സിലാക്കണം, അവരുടെ ചുറ്റുപാടുകൾ അറിയാനുള്ള ശ്രമം നടത്തണം. അതിലൂടെ അവരിലെ അവരെ കണ്ടെത്താൻ നിങ്ങൾ സഹായിക്കണം. എങ്കിൽ അവരുടെ ശ്വാസം നിലക്കും വരേക്കും നിങ്ങളുണ്ടാകും അവരുടെ ഹൃദയാന്തരങ്ങളിൽ... പ്രാർത്ഥനകളിൽ... 
                  സസ്നേഹം... 💐💐💐

കനൽ

പൊന്ന് വിളയും മണ്ണാണു കണ്ണിൽ
എരിയും കനലായ്‌ നീയാണെന്നുള്ളിൽ
വേണം രണ്ടുമെനിക്കിന്ന് പെണ്ണേ..
വേദനയാലുള്ളം പൊള്ളുന്നെൻ പൊന്നേ..
കണ്ണൊന്നടച്ചാൽ മോളാദ്യമെത്തും
പുഞ്ചിരി തൂകും മുഖം മുന്നിലെത്തും
കാറ്റുപിടിച്ചോടും മഴമേഘം പോലെ
പെട്ടെന്നുറക്കമെന്നെ വിട്ടെങ്ങോ മറയും
മൗനം നിറഞ്ഞൊരീ മുറിയിലുറങ്ങാതെ
ഉഴറുമ്പോൾ കൂട്ടായി നീയും വന്നണയും
പതിവുള്ള പരാതി പൊതിയുണ്ട്‌ കൂടെ
പത്തരമാറ്റുള്ള പ്രണയമതിലേറെ..
പിരിശത്താലരിശം വന്നീടും നിന്നെ
പിരിഞ്ഞതിനാലുള്ള വേദനയാലേ
തീരുമിതെന്നെന്നോർത്തോർത്ത്‌ ഞാനും

തീരാ നൊമ്പരക്കടലിലാണിന്നേ...
ഒറ്റപ്പെടലിന്റെ വേദനയറിഞ്ഞവർക്കേ..
കൂട്ടുകൂടലിന്റെ സുഖമറിയൂ..

                             സസ്നേഹം..
അന്നൊക്കെ ഒരവധിക്കായ്‌ കാത്തിരിക്കുമായിരുന്നു.. പേരമരത്തിലും, മാവിൻ കൊമ്പത്തും സർക്കസ്‌ കാട്ടാൻ.. പുല്ലാണിയിലകൾ പണമാക്കി കയറുകൊണ്ടും, വള്ളികൾ കൊണ്ടും ഉണ്ടാക്കിയ വണ്ടികളിൽ കൂട്ടുകാരെ യാത്രികരാക്കിയുള്ള കളികൾ കളിക്കാത്തവർ ഒരു പത്തിരുപത്‌ വർഷം മുമ്പേവരെ ചുരുക്കമായിരിക്കും
ക്രിക്കറ്റ്‌ കളിയുടെ കിർക്കും, വീഡിയൊ ഗെയിമുകളുടെ കടന്നുവരവും, ഇത്തരം കളികളുടെ അടിവേരറുത്തു. ഓർക്കുട്ടും, ഫെയ്സ്ബുക്കും, വാട്സാപ്പിന്റേയുമൊക്കെ വരവ്‌ ഇന്നിന്റെ ബാല്ല്യത്തേയും, കൗമാരത്തേയും, യൗവ്വനത്തേയുമെല്ലാം നാൽ ചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടാൻ പ്രേരിപ്പിക്കുന്നു.