സ്നേഹം! അത് ‘അമൂല്യമാണു’......സ്നേഹിക്കുക! എന്നത് ‘മൂല്യവും’.വർത്തമാന കാലത്ത് മൂല്യങ്ങൾക്കൊക്കെ ശോഷണം സംഭവിച്ചിരിക്കുന്നു. അവിടെയാണ് കാരുണ്യഭവനത്തിന്റെ മൂല്യം നാം കാണേണ്ടത്.രണ്ടു നിലയില്‍ അതില്‍ സ്നേഹം കാണുന്നു. നിരാലംബരായ, അശരണരായ ഒരു സമൂഹത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഒരു മഹാ മനസ്സിനോടുള്ള അളവറ്റ സ്നേഹം ഒരുഭാഗത്ത്. ഇത്തരം സമൂഹത്തെ മനുഷ്യത്വ പരിഗണനയിലൂടെ സ്നേഹിക്കുന്നത് മറുഭാഗത്തും. ആദ്യം പറഞ്ഞ സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കില്‍ കാരുണ്യഭവനം രൂപപ്പെടുമായിരുന്നില്ല. രണ്ടാമത് പറഞ്ഞതുംകൂടി ചേര്‍ന്നത് കൊണ്ടാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഇത്തരം ഒരു ചിന്ത ഉണ്ടാവാനുള്ള കാരണം.
അപ്പോൾ ഇവിടെ ആദ്യം തീർച്ചയായും പറയേണ്ടത് ഈ പ്രസ്ഥാനത്തെ കുറിച്ച് തന്നെയാണ്. ഇങ്ങനെയൊരു പ്രസ്ഥാനത്തിനിവിടെ രൂപം കൊടുക്കുമ്പോൾ നേതൃത്വം വഹിച്ചവർക്ക് വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു. ആ ലക്ഷ്യത്തിലേക്കവർ പക്ഷെ വളഞ്ഞവഴികളൊ, കുരുട്ടു ബുദ്ധിയോ ഉപയോഗിച്ചില്ല. പച്ചയായ മനസ്സും, നന്മയും കൊണ്ടവർ സമൂഹമധ്യത്തിലേക്ക് കടന്നുവന്നു.അത് കൊണ്ടാകാം ഇരുകയ്യും നീട്ടിയവരെ സമൂഹം സ്വീകരിച്ചത്. സ്വീകരിച്ചവരധികവും പച്ചമനുഷ്യരായത് കൊണ്ടും, കൊണ്ട് വന്നവരിലെ നന്മ കണ്ടും, ആ പച്ചയങ്ങ് പടർന്ന് പന്തലിച്ചു. ആ വടവൃക്ഷത്തിന്നും ശിഖിരങ്ങളുണ്ടായി. ഒന്നും ഉപദ്രവം കൊണ്ടോ, ഉപകാരമില്ലായ്മ കൊണ്ടോ മുറിച്ചു മാറ്റേണ്ടി വന്നിട്ടില്ല ഇക്കാലം വരെ...
മറ്റേതൊരു വൃക്ഷം പോലെയും അവിടവിടെ ചില ഇത്തിൾ കണ്ണികൾ പൊട്ടി മുളച്ചതാവട്ടെ അപ്പപ്പോൾ തന്നെ കളഞ്ഞിട്ടുമുണ്ട്. അത്കൊണ്ട് അവയുടെ ശല്ല്യം കാലക്രമേണ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഓരോ ഇത്തിൾ കണ്ണിയും രൂപപ്പെടുമ്പോഴും ഇതാ ആ വന്മരം കടപുഴകാൻ പോകുന്നെന്ന് സ്വപ്നം കണ്ട് നടന്നവർക്ക് മുമ്പിൽ, മഹാരഥന്മാരായ ആ മുന്കാമികളുടെ ലക്ഷ്യങ്ങൾ ഓരോന്നായി എത്തിപ്പിടിച്ചുകൊണ്ട് ഇന്നും അനേകായിരങ്ങൾക്ക് തണലേകി ആ വടവൃക്ഷം തലയെടുപ്പോടെ നില്ക്കുന്നു.
രാഷ്ട്രീയത്തിനും, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും, സാമൂഹ്യ തിന്മകൾക്കെതിരിൽ പോരാടാനും പലർക്കും പല പ്ലാറ്റ്ഫോമുകൾ തേടേണ്ടി വന്നപ്പോഴും, ഇവിടെ ഈ മഹിതമായ പ്രസ്ഥാനം അതെല്ലാം ഒരു കുടക്കീഴിൽ ഒരുമിച്ചു കൊണ്ടുപോകാൻ കഴിയുമെന്നും, അങ്ങനെ കൊണ്ടുപോകേണ്ടാതാണെന്നും പ്രാവർത്തികമാക്കി കാണിച്ചുതരുന്നു. ഒരേ സമയം അധികാര സിരാ കേന്ദ്രങ്ങളിലും, മറുഭാഗത്ത് സി എച്ച് സെൻറ്ററുകളും, ബൈത്തുറഹ്മകളും, സമൂഹത്തിലെ ജീർണ്ണതകൾക്കെതിരെ ഉത്ഭോധനങ്ങളുമായും ഈ പ്രസ്ഥാനം അതിന്റെ സ്ഥാപിത ലക്ഷ്യങ്ങളിൽനിന്ന് പിന്നോട്ടില്ലെന്ന് ഉറക്കെയുറക്കെ ഉത്ഘോഷിക്കുന്നു.
ആതുര സേവന രംഗത്ത് പുതിയൊരു വിപ്ലവമാണ് സി എച്ച് സെൻറെർ കാഴ്ച്ചവെക്കുന്നത്. മാറാ രോഗങ്ങളിൽ വലയുന്നവർക്കും, അത്തരം രോഗികളുമായി ആശുപത്രിയുടെ മരുന്ന് ഗന്ധങ്ങളിലന്തിയുറങ്ങുന്ന നീറിപ്പുകയുന്ന മനസ്സുകളുടെയും മുന്നിലേക്കാണ് ഇതിഹാസ തുല്ല്യമായ തന്റെ ജീവിതത്തിലൂടെ ഒരു സമൂഹത്തിനു ദിശാബോധം നൽകിയൊരു കുറിയ മനുഷ്യൻറെ രണ്ടക്ഷര നാമധേയത്തിൽ നിന്നുൾക്കൊണ്ടോരൂർജ്ജവുമായി ഇറങ്ങിയിരിക്കുന്നത്. ലാഭക്കൊതിയുടെ കഴുകക്കണ്ണുമായി, ഒരായുസ്സ് മുഴുവൻ വിയർപ്പൊഴുക്കി സമ്പാദിച്ചതെല്ലാം വിറ്റുപെറുക്കി, അവസാനം കോന്തലയിൽ തിരുകിവെച്ചൊരു മുഷിഞ്ഞ നോട്ടിലേക്കും നവാതുരാലയങ്ങളുടെ ഉരുക്കുമുഷ്ടി നീളുമ്പോൾ...ഒരു ജനതയെ ആരാൻറെ വിറകുവെട്ടികളും, വെള്ളം കോരികളും ആകാതിരിക്കാൻ കണ്ണിലെ കൃഷ്ണമണിപോലെ കാത്തൊരു മഹാ മനീഷിയുടെ പിന്മുറക്കാരെങ്ങനെ നോക്കിനിൽക്കും?
നറു നിലാവൊഴുകും ആ പൂമുഖം ഒരു നോക്ക് കണ്ടാൽ മതിയായിരുന്നു രൗദ്ര ഭാവം പൂണ്ട ഏതൊരു കൊടുങ്കാറ്റും അവിടെ നിൽക്കാൻ...മരണ വേളയിൽ മലപ്പുറത്തിന്റെ മണ്ണിൽ മാത്രം വീണ കണ്ണുനീരു മതി ആ സ്നേഹത്തിന്റെ മഹത്വമറിയാൻ...പാണക്കാട്ടെ കൊടപ്പനക്കൽ തറവാടിന്റെ ഒരിക്കലുമടയാത്ത ഗേറ്റുകൾ തുറന്നിട്ടിരുന്നത് ജന ലക്ഷങ്ങളുടെ ഹൃദയങ്ങളിലേക്കായിരുന്നു. അവിടെ ആരും അന്യരല്ല. അത് കൊണ്ട് തന്നെയല്ലേ ആ വിളക്കണഞ്ഞപ്പോൾ എല്ലാം നഷ്ടപ്പെട്ടവരെപ്പോലെ പലരും വിങ്ങിപ്പൊട്ടിയത്. അവർ ജീവിതകാലത്ത് ആർക്ക് വേണ്ടി ജീവിച്ചുവോ, തൻറെ രാവുകൾ ആർക്ക് വേണ്ടി നിദ്രാവിഹീനമാക്കിയോ, അവരുടെ കണ്ണുനീരൊപ്പിയും, സ്വപ്നങ്ങൾക്ക് നിറം പകർന്നുമല്ലാതെ എങ്ങനെയാണ് നാം അവർക്ക് സ്മൃതി മണ്ഡപമൊരുക്കുക ? വരും തലമുറക്ക് മുന്നിൽ അവർ ആരായിരുന്നുവെന്ന് അങ്ങോളമിങ്ങോളം പടർന്ന് കിടക്കുന്ന കാരുണ്യവീടെന്ന നിത്യ സ്മാരകങ്ങൾ പകർന്നു കൊടുക്കുമെന്നതിൽ യാതൊരു സംശയവുമില്ല.
ബൈത്തുറഹ്മ ! കാരുണ്യവീട്, പേരിൽ പോലും തുടിക്കുന്നുണ്ട് മുഹമ്മദലി ശിഹാബ് തങ്ങൾ എന്ന ശാന്തി ദൂതന്റെ ചേതന. ആ തിരു മൊഴികൾക്കായ് കാതോർത്തിരുന്നൊരു ജനസഞ്ചയം, തങ്ങളുടെ സ്നേഹത്തിന് പകരമൊന്നും നൽകാൻ കഴിഞ്ഞില്ലെന്ന സങ്കടം തീർക്കാൻ, സമ്പാദ്യത്തിൽ നിന്നൊരു വിഹിതം നൽകിക്കൊണ്ട് സായൂജ്യമടയുമ്പോൾ... വീട് ലഭിച്ചവരാകട്ടെ ജീവിതകാലത്ത് ആ സൗഭാഗ്യത്തെ അനുഭവിച്ചറിയാൻ കഴിഞ്ഞില്ലെങ്കിലും, ഇന്നതിന്റെ നറുമണമെങ്കിലും ആസ്വദിക്കാൻ കഴിഞ്ഞല്ലോ എന്നാശ്വസിക്കുന്നു. ആ ആശ്വാസം തന്നെയാണ് ഈ പ്രസ്ഥാനത്തിനെന്നും ഊർജ്ജം പകർന്നിട്ടുള്ളത്. അവരുടെയൊക്കെ പ്രാർത്ഥനകൾ വരും തലമുറക്ക് തണലേകാനും, അവശ വിഭാഗത്തിനു ആശ്വാസമേകാനും ഈ വടവൃക്ഷമിങ്ങനെ തന്നെ പടർന്നു പന്തലിച്ചു തലയുയർത്തി നിൽക്കാൻ കാരണമാകട്ടെ എന്നാശിക്കുന്നു...പ്രാർത്ഥനയോടെ...





