സ്വാഗതം...

എന്‍റെ സ്വന്തം അഭിപ്രായങ്ങളും,ആവിഷ്കാരങ്ങളും ആണിവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.നിങ്ങള്‍ക്കതില്‍ അഭിപ്രായ പറയാനുള്ള അവകാശവും വകവെച്ചു തന്നിട്ടുണ്ട്.

2014 സെപ്റ്റംബർ 21

സൗഹൃദ വലയിൽ കുരുത്തൊരു പച്ച മനസ്സ് ...

                 സോഷ്യൽ നെറ്റ് വർക്ക് മീഡിയയിലൂടെ നിശബ്ധമായൊരു സേവനത്തിന്റെ ആത്മഹർഷത്തിലാണ് ഒരു കൂട്ടം യുവാക്കൾ.കൊട്ടി ഘോഷങ്ങളില്ലാതെ വാട്സാപ്പിൽ രൂപംകൊണ്ട ഗ്രൂപ്പിൽ മാത്രം ഒതുങ്ങിനിന്നു സാമൂഹ്യസേവനത്തിനു മാറ്റത്തിന്റെ മാതൃക കാണിക്കുകയാണ് പനങ്ങാങ്ങരയിലെ പ്രവാസികളായ കെ എം സി സി പ്രവർത്തകർ. 

                 ഇന്ന് സാധാരണമായി കൊണ്ടിരിക്കുന്ന ബൈത്തുറഹ്മ തന്നെയാണ് ഇവിടെയും ഈ വാർത്തക്കാധാരം. എന്നാൽ ഇവിടെ അതിനുവേണ്ടി പിരിവെടുക്കാൻ ഓടിനടന്നില്ല, ആരുടെ മുന്നിലും കൈ നീട്ടി നിന്നില്ല. 100% പാർട്ടി അനുയായികളായവർ, അതിൽ സൗദിയിൽ നിന്നുള്ളവർ ഉണ്ട് മറ്റു ഗൾഫ്‌ നാടുകളിലുള്ളവർ ഉണ്ട്. അവരവര്ക്ക് കഴിയുന്ന സംഖ്യ അതാത് ഏരിയയിൽ ഉള്ള ഒരാളിൽ എത്തിക്കുക എന്നാണ് തീരുമാനിച്ചത്.അത് ആവേശപൂർവം എല്ലാവരും ഏറ്റെടുത്തപ്പോൾ ആശങ്കകൾക്ക് വിരാമമിട്ട് നാട്ടിൽ വീടുയർന്നു.ഗ്രൂപ്പ്  തുടങ്ങി 3 മാസം ആകുമ്പോഴേക്കും രണ്ട് ബൈത്തുറഹ്മ എന്ന ലക്ഷ്യത്തിൽ ഒരു വീടുപണി തുടങ്ങാൻ കഴിഞ്ഞു എന്നത് പ്രവർത്തകർ അത് ആവേശപൂർവം ഏറ്റെടുത്തതിനു തെളിവാണ്.കരിമ്പനക്കൽ മൈമൂന എന്ന സ്ത്രീക്കാണ് ആ വീട് ലഭിക്കുന്നത്. വർഷങ്ങളായി ക്വാർട്ടേഴ്സിൽ താമസിക്കുന്ന അവര്ക്ക് വീട് കൊടുക്കുന്നതിൽ ആർക്കും രണ്ടഭിപ്രായം ഉണ്ടായിരുന്നില്ല.





              വാട്സാപ്പ് വഴിയുള്ള പ്രവർത്തനമായതിനാൽ വീട് പ്രഖ്യാപിച്ചപ്പോഴാണ് നാട്ടിലുള്ള മുസ്ലിംലീഗിന്റെ പ്രവർത്തകർ പോലും അറിഞ്ഞുള്ളൂ.ഈ മാസം 3 ന് നടന്ന അതിന്റെ കട്ടിള വെക്കൽ കർമ്മം സമസ്ത മുശാവറ മെംബറും, പനങ്ങാങ്ങര ശിഹാബ് തങ്ങൾ റിലീഫ് സെൽ ചെയർമാനും ആയ കെ. ഹൈദർ ഫൈസി നിർവഹിച്ചു. നാട്ടിലെ  പൗര പ്രമുഖരും, മുസ്ലിം ലീഗിന്റെയും പോഷക ഘടകങ്ങളുടെയും നേതാക്കളും നാട്ടുകാരും ഈ മുഹൂർത്തത്തിന് സാക്ഷികളായി ഉണ്ടായിരുന്നു. 
ഒരാഴ്ച്ച പിന്നിടുമ്പോൾ വീട് മെയിൻ വാർപ്പ് വരെ എത്തി നിൽക്കുന്നു.
ഈ ഗ്രൂപ്പും അതിലെ ചർച്ചകളും ഈ വീട് പണി കഴിയുന്നതോടുകൂടി അവസാനിപ്പിക്കാതെ തുടർന്നും നാട്ടുകാർക്ക് ഉപകാരപ്പെടുത്താൻ തന്നെയാണ് ഇവരുടെ തീരുമാനം. 





            നാട്ടിലെ മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങളിലും  ഇവർ ഭാഗവാക്കാണ്. നിലവിൽ നാട്ടിലെ പാവപ്പെട്ട പെണ്‍കുട്ടികളുടെ കല്ല്യാണങ്ങൾക്കും, രോഗികളുടെ ചികിത്സാ സഹായങ്ങൾക്കും, പഠിക്കാൻ മിടുക്കരായ കുട്ടികളുടെ വിദ്യാഭ്യാസ ചിലവുകളിലേക്കും ആളും തരവും വേർതിരിവില്ലാതെ സഹായമെത്തിക്കുന്നു.ഗ്രൂപ്പിലൂടെ അത് എകീകരിക്കാനായി എന്നതിൽ ഇവർ സന്തോഷത്തിലാണ്. 





            
           ജോലിസമയങ്ങളിൽ കിട്ടുന്ന ഇടവേളകളിലും, ഡ്യൂട്ടി സമയം കഴിഞ്ഞുള്ള നേരങ്ങളിലും ഗ്രൂപ്പിലെ ചർച്ചകളിൽ പങ്കെടുത്തും, ഉപദേശ നിർദ്ദേശങ്ങൾ നൽകിയും, നിരൂപണം നടത്തിയും ഒരു പ്രദേശത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെ മറ്റുള്ളവർക്ക് മാതൃകയാക്കുകയാണിവർ.  പിന്നിട്ട വഴികളേക്കാൾ എത്രയോ ഇനിയും മുന്നിലുണ്ട്. അതിന്നായി എല്ലാവരുടെയും പ്രാർത്ഥനയും സഹായ സഹകരണങ്ങളും ആവശ്യപ്പെടുകയാണ് ഈ നിസ്വാര്‍ത്ഥ സേവകര്‍...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ